വെള്ളിയാഴ്‌ച, സെപ്റ്റംബർ 2

*സൂറാന്‍റെ കിനാവും കുഞ്ഞുണ്ണിയുടെ അദാബും

രാത്രിയുടെ അവസാന യാമത്തിലുണര്‍ന്നു മണ്ടമ്മേല്‍ ഹെഡ് ലൈറ്റും വെച്ച് ഉളികത്തിയുമേന്തി ജിന്നിനേം ശേയ്ത്താനേം പേടിക്കാതെ റബ്ബര്‍ തോട്ടത്തിലേക്ക് ടാപ്പിംഗ് ജോലിക്ക് പോകുന്ന കുഞ്ഞുണ്ണി എന്ന ചേക്ക് മമ്മദിന് ഊണിലും ഉറക്കത്തിലും ഒരൊറ്റ വിജാരമേ ഉണ്ടായിരോന്നോള്ളൂ .... എങ്ങിനെ എങ്കിലും ഒരു പാസ്പോര്‍ട്ടും ഒപ്പിച്ചു ഗള്‍ഫിലേക്ക് കടക്കണം എന്നിട്ട് കുറേ കാശും ഉണ്ടാക്കി ശുജായി ആയി വന്ന് ഒരു പെണ്ണും കെട്ടി വാര്‍പ്പിന്‍റെ വീടും വെച്ച് ഒരു സുഖ ജീവിതം നയിക്കണം .
ഈ അറേബ്യന്‍ മോഹം കുഞ്ഞുണ്ണിയുടെ മനസ്സിലേക്ക് വെറുതെ കേറി കൂടിയ ഒന്നല്ല. അതിന് തക്കതായ ഒരു കാരണം ഉണ്ട്, ഈരണ്ടു കൊല്ലം കൂടുമ്പോള്‍ ഹലാക്കിന്‍റെ പെട്ടിയും പെട്ടിയോളം വലിപ്പമുള്ള വയറും കൊണ്ട് വീമാനമിറങ്ങി വരുന്ന കുഞ്ഞിഖാദര്‍ ആണ് . കുഞ്ഞുണ്ണിയുടെ നിഷ്കളങ്ക നിഷ്ക്രിയ നിര്‍വികാര നിര്‍ദോഷ മനസ്സില്‍ ഇങ്ങനെയൊരു കിനാവിന്‍റെ വിത്ത് മുള പൊട്ടാന്‍ ഉള്ള പ്രചോദനം .
രണ്ടു കൊല്ലം കൂടുമ്പോള്‍ ആറുമാസത്തെ പരോളിനു അത്തറും പൂശി നാട്ടിലേക്ക് വരുന്ന അയല്‍വാസി പ്രവാസിയുടെ ഫോറിന്‍ മണവും നീളം കൂടിയ സിഗരെറ്റിന്‍റെ കുളൂസും പിന്നെ വീട്ടിലേക്ക് വരുന്ന ബന്ധുക്കാരുടേയും സ്വന്തക്കാരുടെയും മുന്നില്‍ ഇന്ത്യഗേറ്റ് കണക്കെ തുറക്കുന്ന ഹൃദയത്തിന്‍റെ ആ ഉദാരതയും കണ്ടാല്‍ ആര്ക്കാ ഇങ്ങനെ ഒരു പൂതി വരാതിരിക്കുക .കുഞ്ഞിഖാദറിന്‍റെ അത്തറിനു ആറുമാസത്തെ ആയുസ്സേ ഒള്ളൂ എന്ന് പാവം കുഞ്ഞുണ്ണിക്ക് അറിയില്ലല്ലോ ...?
കൊല്ലം രണ്ടുമൂന്നെണ്ണം വള്ളിപാല്‍ (ഒട്ടുപാല്‍ )പോലെ നീണ്ടും വലിഞ്ഞും ചുരുങ്ങിയും പോയെങ്കിലും കുഞ്ഞുണ്ണിയുടെ ഗള്‍ഫ് കിനാവ്‌ ഖബൂലായി.
ഗള്‍ഫിലെത്തിയ ആദ്യ ആഴ്ചയില്‍ തന്നെ യുണ്ടായ ഒരു പുരോഗതി എന്താന്നു വെച്ചാല്‍ ഔദോഗികമായി ചേക്ക്മമ്മദ് എന്ന നാമത്തില്‍ അറിയപെട്ടിരുന്ന കുഞ്ഞുണ്ണിക്ക് ഇഖാമ എന്ന താമസ രേഖ കയ്യില്‍ കിട്ടിയപ്പോള്‍ പേരിനൊരു മാറ്റം വന്നിട്ടുണ്ട് ചേക്ക്മമ്മദ് ഷെയ്ഖ്മുഹമ്മദ്‌ ആയിട്ടുണ്ട്‌. ജോലി ചെയ്യുന്ന സ്ഥാപനത്തിലുള്ള മലയാളികള്‍ അല്ലാത്ത സകല മനുഷ്യന്മാരും ഇപ്പൊ അവനെ യാ ഷെയ്ഖ്‌ എന്നാ വിളിക്കുന്നത് തന്‍റെ പേരു മാറ്റത്തില്‍ ആദ്യമാദ്യം ചെറിയ ഒരു ദഹന കേടു തോന്നിയിരുന്നെങ്കിലും ഇപ്പൊ കുഞ്ഞുണ്ണി ഹാപ്പിയാ..... കാരണം? ഇപ്പോളാ..... പേരിനൊരു തറവാടിത്തം ഫീല്‍ ചെയ്തത്.
അങ്ങനെ കൊല്ലം കുറേ നാട്ടിലുള്ള വീട്ടുകാരേയും കിടക്കയിലുള്ള മൂട്ടകളേയും തലയ്ക്കു മുകളിലുള്ള സ്പോന്‍സറേയും പോറ്റി ജീവിച്ചു അതിനിടയില്‍ സൂറാബി എന്നൊരു ഹൂറിയെയും സ്വന്തമാക്കി. പഴയ കിനാവില്‍ ബാക്കി നില്‍ക്കുന്ന വാര്‍പ്പിട്ട വീടും വെച്ചു താമസവും തുടങ്ങി . വല്യ കടമോ ബാധ്യതയോ ഇല്ല എടുത്തു പറയാന്‍ മാത്രം നീക്കിയിരിപ്പുമില്ല. ആകെ മൊത്തത്തില്‍ പറഞ്ഞാല്‍ അല്ലല്ലും അലമ്പും ഇല്ലാതെ ജീവിച്ചു പോകാം എന്നൊരു അവസ്ഥ .
അപ്പോഴാണ്‌ ഹൂറി സൂറാക്ക് ഒരുപൂതി. തൊട്ടവീട്ടിലെ കുത്സു, എളേമ്മയുടെ മോള്‍ ഹസീന, അമ്മയിന്‍റെ മോള്‍ ജമീല തുടങ്ങിയ സ്ത്രീജനങ്ങളൊക്കെ ഗള്‍ഫിലുള്ള പുയാപ്ലമാരുടെ അടുത്തേക്ക് വിസിറ്റിംഗ് വിസയും അടിച്ചു മധുവിധുവിന്‍റെ മധുരമനോക്ഞ്ഞ സ്വപ്നവുമായി പറ ന്ന കഥ ഒരു പരിഭവമായി പറഞ്ഞത് . മാത്രമല്ല ഷെയ്ഖ്മുഹമ്മദ്‌ എന്നകുഞ്ഞുണ്ണിയുടെ മാതാജി ഇടക്കിടക്ക് അമ്മായിയമ്മയുടെ ദുര്‍മുഖം പുറത്തെടുക്കുന്നുമുണ്ട് . അല്ലെങ്കിലും മൊഞ്ചത്തി ആയ സൂറക്ക് തഞ്ചത്തില്‍ കാര്യങ്ങള്‍ പറയാന്‍ ഒരു വല്ലാത്ത കഴിവാണ് .
തന്‍റെ പാതി പതിവില്ലാതെ കൊണ്ട് വന്ന വിസ്റ്റിംഗ് എന്ന പ്രമേയം കുഞ്ഞുണ്ണി പാസാക്കി നേരെ ഫോണില്‍ തോണ്ടി ഉമ്മക്കും അമ്മായിമ്മാക്കും വിളിച്ചു . കുഞ്ഞുണ്ണി യുടെ ഉമ്മാക്ക് ആ തീരുമാനം അത്ര പിടിച്ചില്ലെങ്കിലും മകന്‍ മാത്രമല്ല മരുമകളും ഗള്‍ഫില്‍ ആണെന്ന് പറഞ്ഞു ഇത്തരി പൌറും പത്രാസും കൂടുതല്‍ കാണിക്കാലോ....? എന്ന ഒറ്റ കാരണത്തില്‍ ഉമ്മയും സൂറയുടെ പ്രമേയം ശരിവെച്ചു ഇക്കൊല്ലത്തെ ആദ്യരാത്രി ഗള്‍ഫില്‍ തന്നെ (ഒന്നില്‍ കൂടുതല്‍ തവണ ആദ്യ രാത്രി അനുഭവിക്കാന്‍ പ്രവാസിക്കും പ്രവാസിയുടെ ഭാര്യക്കും മാത്രമേ ഭാഗ്യമൊള്ളൂ )
ഭാര്യയെ വിസിറ്റിങ്ങിനു കൊണ്ട് വരുന്ന കാര്യം സഹമുറിയന്‍മാരോട് പങ്കു വെച്ചു . എല്ലാവരോടും ഫ്ലാറ്റ് അന്വേഷിക്കാന്‍ ആവശ്യപെട്ടു എട്ടുമണിക്ക് എണീറ്റിരുന്ന കുഞ്ഞുണ്ണി ആറുമണിക്ക് എണീറ്റ് രാവിലെ രണ്ടു മണിക്കൂര്‍ വിസ ഉണ്ടാക്കാന്‍ ഓടും. വൈകീട്ട് നാല് മണിക്കൂര്‍ ഫ്ലാറ്റ് തപ്പി നടക്കും ഒടുക്കം ഫ്ലാറ്റും വിസയും റെഡിയായി. തീര്‍ന്നില്ല ,ഫ്ലാറ്റിലേക്ക് അടുപ്പ് ഗ്യാസ് അലമാര കട്ടില്‍ കിടക്ക വിരിപ്പ് പുതപ്പ് തുടങ്ങിയവ സംഘടിപ്പിക്കാന്‍ ഒരാഴ്ച വീണ്ടും ഓടെടാ ഓട്ടം എന്നിട്ടും കഴിഞ്ഞില്ല പ്രവാസം തുടങ്ങിയ അന്ന് മുതല്‍ സ്വന്തം ഡ്രസ്സ്‌ ബക്കെറ്റില്‍ ഇട്ടു വെള്ളവും സോപ്പ് പൊടിയും ഇട്ടു ബക്കറ്റിലേക്ക് കയറി നിന്ന് മുക്കാലാ .... മുക്കാബിലാ... പാട്ട് പാടി ബ്രേക്ക് ഡാന്‍സ് കളിക്കുംബോലെ ചവിട്ടി അലക്കിയിരുന്ന കുഞ്ഞുണ്ണി സൂറാനോടുള്ള മുഹബത്ത് ഒന്ന് കൊണ്ട് മാത്രം ഒരു വാഷിംഗ് മെഷീനും വാങ്ങി .
എവരിബടി ഓക്കെയാക്കാനുള്ള ഓട്ടത്തിനിടയില്‍ തടിച്ച കൊഴുത്ത കുഞ്ഞുണ്ണി എവെരിടെ ബാറ്ററി പരസ്യത്തിലെ പൂച്ചയുടെ ലുക്ക്‌ ആയി .
അങ്ങനെ സൂറ വന്ന് ആദ്യരാത്രി കഴിഞ്ഞു ആദ്യത്തെ ഒരുമാസം കുഞ്ഞുണ്ണി ഉണരും മുമ്പേ സൂറ ഉണരും തനിക്കായി ത്യാഗ സമ്പൂര്‍ണ്ണമായ ജീവിതം നീക്കി വെച്ച പ്രിയതമന് സ്നേഹം ചാലിച്ച നൈസ് പത്തിരിയും ചിക്കന്‍ കറിയും റെഡിയാക്കും പല്ല് തേക്കാനുള്ള ബ്രെഷ് വരേ എടുത്തു കയ്യില്‍ കൊടുക്കും. ഒരു മാസം കഴിഞ്ഞപ്പോ പത്തിരി പുട്ടിനും കടലക്കും വഴിമാറി വീണ്ടും ഒരുമാസം കഴിഞ്ഞപ്പോ പുട്ടും കടലയും വെള്ളപ്പത്തിനും ചട്ട്നിക്കും വഴിമാറി അപ്പോഴേക്ക് വിസ മൂന്നു മാസത്തിനു വീണ്ടും പുതുക്കി വെള്ളപ്പം ഉപ്പുമാവിനും ഉപ്പുമാവ് ബ്രെഡ്നും ജാമിനും വഴി മാറി. ബ്രേക്ക് ഫാസ്റ്റ് ന്‍റെ മെനു മാറുന്നതിനു അനുസരിച്ച് സൂറാബിയുടെ സ്നേഹം ചാലിക്കലും കുറഞ്ഞു രാവിലെ ഉണരുന്നതിന്‍റെ മുഷിപ്പ് മുഖത്ത് വരാന്‍ തുടങ്ങി
വിസ ഒരു മൂന്നു മാസത്തേക്ക് കൂടി പുതുക്കി . പത്തിരി പോയിട്ട് അരിമണി വറുത്തത് പോലുമില്ല. പ്രാതല്‍മാത്രമല്ല ഉച്ചക്കും വൈകീട്ടും ഒക്കെ പാര്‍സല്‍. .എന്നും രാവിലെ എണീറ്റ് ബൂഫിയയില്‍ പോയി സാന്ഡ്വിച്ചു വാങ്ങി കഴിക്കേണ്ട അവസ്ഥ ആയി. ആ സാന്ഡ് വിച്ചില്‍ കുഞ്ഞുണ്ണി കണ്ടെത്തിയ ഒരേ ഒരു ആശ്വാസം... സൂറാന്‍റെ ആ ദേഷ്യം പിടിച്ച മോന്ത കാണണ്ട...! മാത്രവുമല്ല രണ്ടു റിയാല് പോയാലും ബൂഫിയ കാക്കാന്‍റെ ചിരിക്കുന്ന മുഖത്തോടെ പ്രഭാത ഭക്ഷണം കഴിക്കാലോ അതൊരു വല്ലാത്ത ആശ്വാസമാ..... കൂടെ ഒരു നെടു വീര്‍പ്പും . 

©കൊമ്പന്‍
****കഥയും കഥാപാത്രങ്ങളും മരിച്ചവരുമായി ഏതെങ്കിലും തരത്തില്‍ യാതൊരു ബന്ധവുമില്ല ജീവിച്ചിരിക്കുന്നവരുമായി മാത്രമേ ബന്ധമൊള്ളൂ ..*******

7 അഭിപ്രായങ്ങൾ:

  1. വിസ പുതുക്കുന്നതിനനുസരിച്ച് മൊഞ്ചത്തി സൂറാബിടെ ഭാവവും മാറിയോ???

    മറുപടിഇല്ലാതാക്കൂ
  2. കലക്കി മുസക്കീട്ടി. കലകലക്കി. വൈക്കം ബഷീറിൻറെ പുനർജന്മമാണോ?

    മറുപടിഇല്ലാതാക്കൂ
  3. കലക്കി മുസക്കീട്ടി. കലകലക്കി. വൈക്കം ബഷീറിൻറെ പുനർജന്മമാണോ?

    മറുപടിഇല്ലാതാക്കൂ
  4. പുത്തന്‍പ്പെണ്ണ് പുരപ്പുറം തൂത്തുവാരും എന്ന പഴഞ്ചൊല്ല് എത്ര കറക്ടാ അല്ലേ?!
    പോകെപ്പോകെ സൂറാബിയുടെ മാറിയത് കണ്ടോ!!
    രസകരമായി അവതരിപ്പിച്ചു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. ഇത് ഒട്ടുമിക്ക ഭാര്യമാരായ സൂറമാരുടെയും ,
    ഭർത്താക്കന്മാരായ കുഞ്ഞുണ്ണികളൂടേയും കഥ തന്നെ..!

    മറുപടിഇല്ലാതാക്കൂ
  6. കഥ നന്നായിട്ടുണ്ട് അവതരണവും..

    മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...